തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലംമാറ്റുന്നതിനെതിരെ ജോയിന്റ് കൗൺസിൽ രംഗത്ത്.
പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ താത്പര്യപ്രകാരം ഉദ്യോഗസ്ഥരെ വേട്ടയാടുകയാണ് ഭരണകൂടമെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇന്നിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിൽ, എൻജിഒ അസോസിയേഷൻ നേതാവിന്റെ ശുപാർശ പ്രകാരമാണ് നടപടിയെന്ന് രേഖപ്പെടുത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
നിലവിലുള്ള ട്രാൻസ്ഫർ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് കളക്ടറേറ്റുകളിലും മറ്റ് പ്രധാന ഓഫീസുകളിലും വ്യാപകമായ സ്ഥലംമാറ്റങ്ങളാണ് നടക്കുന്നത്. സ്ഥലംമാറ്റങ്ങളുടെ പേരിൽ സംഘടനകൾ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു.